Saturday, February 27, 2016

ഒരു ക്ലാസ്സിൽ പോലും ഞാനവനെപഠിപ്പിച്ചിട്ടില്ലാഞ്ഞിട്ടും
അവനെന്നെ ടീച്ചർ എന്നാണ് വിളിച്ചിരുന്നത്‌. ഇങ്ങനെ വിളിക്കുന്നതിന്റെ സുഖമില്ലായ്മയെ കുറിച്ച് ഞാനവനോട് പലപ്പോഴായി പറഞ്ഞുകൊണ്ടേ ഇരുന്നു. കേട്ട് മടുത്തതുകൊണ്ടോ , ഇനി പറയാതിരിക്കാൻ വേണ്ടിയോ ആവാം അവൻ പറഞ്ഞു. ടീച്ചറുടെ ജീവിതത്തിൽ നിന്നാണ് ഞാൻ ചിലത് കണ്ടു പഠിച്ചത്, അത്പഠിക്കാൻ ഒരിക്കലും ക്ലാസ് മുറിയിൽ ഇരിക്കേണ്ടാതില്ലല്ലോ എന്ന്. അത് കേട്ടപ്പോൾ അതുവരെ തോനാത്തൊരു ബഹുമാനം അവനോടു തോന്നി തുടങ്ങി
വളരെ യാദൃച്ഛികമായിട്ടായിരുന്നു അവനെ പരിചയപെട്ടത് . പ്ലസ്‌ടു പരീക്ഷ എഴുതി റിസൾട്ട്‌ കാത്തിരിക്കുന്ന സമയത്തായിരുന്നു ആദ്യമായി കണ്ടത് . വളരെ കുറച്ചു മാത്രം സംസാരിക്കുന്ന, എപ്പോഴും ചിരി വിരിയുന്ന ഒരു മുഖം. തിരക്കുകൾക്കിടയിൽ ഒരു ഹായ്, ബൈ ബന്ധത്തിനകത്ത് അത് ഒതുങ്ങി പോയി. അല്ലെങ്കിൽ തന്നെ ആ സൗഹൃദത്തെ നിലനിർത്താൻമാത്രം പരിചയമൊന്നും ഞങ്ങൾക്കിടയിലും ഉണ്ടായിരുന്നുമില്ല. പിന്നെ കുറെ കാലങ്ങൾക്കു ശേഷമാണ് വളരെ അപ്രതീക്ഷിതമായി വീണ്ടും കണ്ടു മുട്ടിയത്. അവനന്ന് രാജ്യം കാക്കുന്ന ധീരജവാനായി മാറിക്കഴിഞ്ഞിരുന്നു.
ചിന്തയിലും സ്വഭാവത്തിലും പെരുമാറ്റത്തിലും ആദര്‍ശത്തിലും ലക്ഷ്യത്തിലും വ്യത്യസ്തചിന്താഗതിക്കാരായിരുന്നു ഞങ്ങൾ. എന്നിട്ടും എന്തോ ഒട്ടും ബോധപൂർവമല്ലാതെ ആ സൗഹൃദം വളർന്നു, പടരുന്നുണ്ടിപ്പോഴും
ഏതു സങ്കടത്തിലും സന്തോഷത്തിലും, കൂടെ പിറക്കാതിരുന്നിട്ടും കൂടെ പിറപ്പായി മാറിയവനെ.....,
ഒരു കാലവും നമ്മൾ ഒരുമിച്ചു പങ്കു വെച്ചില്ലെങ്കിലും അറിയാതെ ഒരു ആത്മബന്ധത്തിന്റെ നൂലിഴ നമ്മളെ ചേർത്ത് വെക്കുന്നുണ്ട്‌.
സത്യം അനിയാ ഇപ്പോൾ ഞാനറിയാറുണ്ട്‌
രക്തബന്ധങ്ങളേക്കൾ എത്രയോ ആഴമുണ്ട് നമ്മുക്കിടയിലെ ഹൃദയബന്ധത്തിന്.

No comments: