Thursday, March 17, 2016

എല്ലാം കേട്ട് 
തനിച്ചാക്കി പോകുന്ന സുഹൃത്തിനെയല്ല
ഞാൻ നിന്നിൽ തിരഞ്ഞത് 
സുരക്ഷ 
സ്നേഹം
കരുതൽ
എല്ലാം ചേർന്ന
പേര് ചൊല്ലി വിളിക്കാനാവാത്ത
ഒരു തണൽ മരത്തെയാണ്

Saturday, February 27, 2016

ഒരു തൂവലിന്റെ
ലാഘവത്തൊടെ പോലും 
മനസ്സിനെ
പറത്തിവിടാനാവത്ത
എന്നെ നോക്കി 
പരിഹസിച്ചു ചിരിച്ച്
ഒറ്റയ്ക്കും കൂട്ടായും
നൃത്തം ചെയ്യുന്നു
അപ്പൂപ്പൻ താടികൾ .......

നക്ഷത്രങ്ങൾ
കണ്ണുകൾ
ചിമ്മിയും തുറന്നും
നീ ചേർന്നിരുന്ന
നിമിഷങ്ങളെല്ലാം
ഉമ്മകളായ്
എന്നിലേക്ക്
അടർത്തിയിടുന്നുണ്ട്
ഇപ്പോഴാണ്‌
നിന്നെ
ഒരു വിരലടയാളം
പോലുമില്ലാതെ
സ്പര്ശിക്കാനവുന്നത്..
ഒരു ക്ലാസ്സിൽ പോലും ഞാനവനെപഠിപ്പിച്ചിട്ടില്ലാഞ്ഞിട്ടും
അവനെന്നെ ടീച്ചർ എന്നാണ് വിളിച്ചിരുന്നത്‌. ഇങ്ങനെ വിളിക്കുന്നതിന്റെ സുഖമില്ലായ്മയെ കുറിച്ച് ഞാനവനോട് പലപ്പോഴായി പറഞ്ഞുകൊണ്ടേ ഇരുന്നു. കേട്ട് മടുത്തതുകൊണ്ടോ , ഇനി പറയാതിരിക്കാൻ വേണ്ടിയോ ആവാം അവൻ പറഞ്ഞു. ടീച്ചറുടെ ജീവിതത്തിൽ നിന്നാണ് ഞാൻ ചിലത് കണ്ടു പഠിച്ചത്, അത്പഠിക്കാൻ ഒരിക്കലും ക്ലാസ് മുറിയിൽ ഇരിക്കേണ്ടാതില്ലല്ലോ എന്ന്. അത് കേട്ടപ്പോൾ അതുവരെ തോനാത്തൊരു ബഹുമാനം അവനോടു തോന്നി തുടങ്ങി
വളരെ യാദൃച്ഛികമായിട്ടായിരുന്നു അവനെ പരിചയപെട്ടത് . പ്ലസ്‌ടു പരീക്ഷ എഴുതി റിസൾട്ട്‌ കാത്തിരിക്കുന്ന സമയത്തായിരുന്നു ആദ്യമായി കണ്ടത് . വളരെ കുറച്ചു മാത്രം സംസാരിക്കുന്ന, എപ്പോഴും ചിരി വിരിയുന്ന ഒരു മുഖം. തിരക്കുകൾക്കിടയിൽ ഒരു ഹായ്, ബൈ ബന്ധത്തിനകത്ത് അത് ഒതുങ്ങി പോയി. അല്ലെങ്കിൽ തന്നെ ആ സൗഹൃദത്തെ നിലനിർത്താൻമാത്രം പരിചയമൊന്നും ഞങ്ങൾക്കിടയിലും ഉണ്ടായിരുന്നുമില്ല. പിന്നെ കുറെ കാലങ്ങൾക്കു ശേഷമാണ് വളരെ അപ്രതീക്ഷിതമായി വീണ്ടും കണ്ടു മുട്ടിയത്. അവനന്ന് രാജ്യം കാക്കുന്ന ധീരജവാനായി മാറിക്കഴിഞ്ഞിരുന്നു.
ചിന്തയിലും സ്വഭാവത്തിലും പെരുമാറ്റത്തിലും ആദര്‍ശത്തിലും ലക്ഷ്യത്തിലും വ്യത്യസ്തചിന്താഗതിക്കാരായിരുന്നു ഞങ്ങൾ. എന്നിട്ടും എന്തോ ഒട്ടും ബോധപൂർവമല്ലാതെ ആ സൗഹൃദം വളർന്നു, പടരുന്നുണ്ടിപ്പോഴും
ഏതു സങ്കടത്തിലും സന്തോഷത്തിലും, കൂടെ പിറക്കാതിരുന്നിട്ടും കൂടെ പിറപ്പായി മാറിയവനെ.....,
ഒരു കാലവും നമ്മൾ ഒരുമിച്ചു പങ്കു വെച്ചില്ലെങ്കിലും അറിയാതെ ഒരു ആത്മബന്ധത്തിന്റെ നൂലിഴ നമ്മളെ ചേർത്ത് വെക്കുന്നുണ്ട്‌.
സത്യം അനിയാ ഇപ്പോൾ ഞാനറിയാറുണ്ട്‌
രക്തബന്ധങ്ങളേക്കൾ എത്രയോ ആഴമുണ്ട് നമ്മുക്കിടയിലെ ഹൃദയബന്ധത്തിന്.

സ്നേഹം

എന്താണ് സ്നേഹം ? 
എത്ര ആവര്‍ത്തി സ്വയം ചോദിച്ചു, എത്ര എത്ര ഉത്തരങ്ങളാണ് മനസ്സിൽ വന്നു ചേർന്നത്. അടുപ്പം തോന്നിയ ചിലരോടൊക്കെ പലപ്പോഴായി ചോദിച്ചിട്ടുണ്ട്. സ്നേഹമെന്നാല്‍ നിങ്ങള്ക്കൊക്കെ എന്താണെന്നും,ആരോടാണ് ഏറെ സ്നേഹമെന്നും.
മനസ്സ് നിറയുന്ന ഒരുതരം....., 
ഇനിയൊരിക്കലും ഇതേ ചോദ്യം ആവര്‍ത്തിക്കാതെ ഇരിക്കുവാന്‍ മാത്രം സംതൃപ്തി നല്‍കിയ ഒന്നും ഉണ്ടായില്ല.... ഒന്നും

Monday, May 25, 2015

അകലം

അടുത്തെങ്കിലും
കാതങ്ങളുടെ അകലം തീര്‍ത്ത്
അകറ്റി നിര്‍ത്തേണ്ടി വരുന്നതിന്റെ
അടങ്ങാത്ത നൊമ്പരമുണ്ട് ചില പ്രണയങ്ങൾക്ക് ...

Saturday, June 14, 2014

ആദ്യമേ പറഞ്ഞതാണ്
നിന്റെ
സ്നേഹം
പരിഗണന
കരുതൽ
എല്ലാം എന്നെ
വല്ലാതെ ഭ്രമിപ്പിക്കുമെന്ന്

നീ ആരുമായിരുനില്ല
എന്നിട്ടും
വഴിത്തിരുവുകളിൽ ഒറ്റപെട്ടലയുമ്പോൾ
നീട്ടിയ കയ്യിൽ പിടിച്ചത്
ജന്മാന്തര ബന്ധമാവുമെന്ന്
കരുതിയത് കൊണ്ട് മാത്രമാണ്

എവിടെയാണ്‌
നമുക്ക് നമ്മെ നഷ്ടപെട്ടത്
ഇപ്പോൾ
നിന്റെ ഓര്‍മ്മകളത്രയും
നെഞ്ച് കീറിയ വേദനയില്‍
ഒഴുകി ഇറങ്ങുന്നത്
എന്‍റെ കണ്ണുകളിലുടെയാണ്

എന്റെ വാക്കുകൾക്കു നേരെ
നി മൌനം കൊണ്ട് വാതിലടക്കുമ്പോൾ
വീണ്ടും ഇരുട്ടിലേക്ക്
തള്ളപെടുന്നു

അറിയുന്നുണ്ട്
നിന്റെ നിശ്വാസങ്ങൾ
എനിക്ക് ചുറ്റും അടർന്ന് വീഴുന്നത്
നിന്റെ ചുണ്ടുകൾ
പിൻകഴുത്തിൽ പതിയുന്നത്

മറ്റാരെക്കാളും
കൂടുതൽ സ്നേഹിച്ചത് കൊണ്ടാവും
നീ നല്കിയ സ്നേഹം
ഇപ്പൊ തോരാമാഴയായി
പെയ്തിറങ്ങുന്നതും

ഇനി ഞാനും നീയും
മാത്രമാകുന്നു
നിന്റെ സ്നേഹത്തിന്റെ
തണുത്ത വിരൽ സ്പർശം
എനിക്കുള്ളതല്ല

Sunday, May 25, 2014

നിശബ്ദതയെ
എന്താണ് വിളിക്കുക
സങ്കടമെന്നോ
നിസ്സഹായതയെന്നോ
അതോ
നീയെന്നോ ...?
ഏതു സ്വപ്നത്തിലാണാവോ
നിന്നെ കണ്ടുമുട്ടുക...
അന്ന്
നീയെന്നെ പരിചയമില്ലെന്നു പറഞ്ഞ്‌
തിരിഞ്ഞു നടക്കുമോ ......?
ആര്ക്കറിയാം .

Wednesday, March 19, 2014

കളഞ്ഞു പോയ കവിത



രാത്രിയില്ലെപ്പോഴോ
പതിവില്ലാത്ത ചില ശീലങ്ങൾ
പോലെ
ഉറക്കം കെടുത്തി
പുതിയൊരു കവിത

അനിഷ്ടം തോന്നിയിട്ടും
കാണിക്കാതെ
അടുക്കി പെറുക്കി വെക്കാൻ
തുടങ്ങിയപ്പോഴേക്കും
പാതി മയക്കത്തിൽ നിന്നുണർന്ന
നിന്റെ ശ്വാസ വേഗങ്ങളിൽ
നിശ്ചലമാകുന്നു

ഒഴുകുന്നിടം
മുഴുവൻ തളിർത്തു പന്തലിച്ച്
സ്പര്ശിക്കുന്നിടമെല്ലാം
നിറയെ പൂക്കൾ വിരിയിച്ച്
ഒരു പൂവിൽനിന്നും
മറ്റേ പൂവിലേക്ക്
നീ പരാഗണം തുടങ്ങിയിരിക്കും

ഒടുവില നിന്നിൽ നിന്നും
എന്നിലേക്ക്‌
തിരിചെത്തുമ്പോഴയിരിക്കും
കവിത കളഞ്ഞു പോയെന്ന
കാര്യം അറിയുന്നത്